[കടപ്പാട് - സീ ആര്‍ ഹരിലാല്‍ നാലാമിടം]
പോസിറ്റീവായി ഉപയോഗിക്കപ്പെടാനുള്ള അനേകം സാധ്യതകള്‍ മുന്നില്‍ നില്‍ക്കുമ്പോഴും ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്ക് സദാ ഒരു ഇരുതല മൂര്‍ച്ചയുണ്ട്. ആള്‍ക്കൂട്ട മനശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു ഇരുതലമൂര്‍ച്ച. ആള്‍ക്കൂട്ടത്തിന്റെ മനസ്സ് എപ്പോഴും പ്രക്ഷുബ്ധമായിരിക്കും. യുക്തിയേക്കാളേറെ വികാരങ്ങള്‍ക്കാവും അവിടെ മുന്‍തൂക്കം. ഒറ്റനോട്ടത്തില്‍ ശരിയെന്നുതോന്നുന്ന ഒരു അഭിപ്രായം മുന്നോട്ടുവെക്കപ്പെട്ടാല്‍ ഒരാള്‍ക്കൂട്ടത്തെ എളുപ്പം ഒന്നിലേക്ക് നയിച്ചുകൊണ്ടുപോവാനാവും. നമ്മുടെ നാട്ടിലെ സദാചാര പൊലീസിങിലൊക്കെ കാണാവുന്നത് അതാണ്. ഒരാളെ ഇരയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതിന്റെ ശരിതെറ്റുകള്‍ അപ്രസക്തമാവുന്ന അവസ്ഥ. ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയെന്നു വിളിച്ച് കല്ലെറിഞ്ഞു കൊല്ലാനുമുള്ള ഒരു അന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കപ്പെടുക. ഫാഷിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രത്തെക്കുറിച്ചുള്ള എറിക് ഫ്രേമിന്റെ ചിന്തകള്‍ നമുക്ക് അക്കാര്യത്തില്‍ കുറച്ചു കൂടി തെളിച്ചം തരും.
എന്നാല്‍, എറിക് ഫ്രേമിന്റെ ചിന്തകള്‍ വെര്‍ച്വല്‍ ആയ ഒരിടത്തിന്റെ സാധ്യതകളല്ല പരിണിക്കുന്നത്. നേര്‍ക്കുനേരെയുള്ള ഒരാള്‍ക്കൂട്ടമാണ് അവിടെ. ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയവും മനസ്സും എങ്ങനെ ഫാഷിസത്തിന്റെ സാധ്യതകളായി മാറുന്നു എന്ന ചിന്തകളാണവ. എന്നാല്‍, സൈബര്‍ ഇടത്തില്‍ കാര്യങ്ങള്‍ പാടേ വ്യത്യസ്തമാണ്. അവിടെയും ആള്‍ക്കൂട്ടത്തിന്റെ ഒത്തുചേരലുണ്ട്. ഒരേ മനസ്സോടെയുള്ള ഇടപെടലുകളുണ്ട്. കല്ലെറിയലുകളുണ്ട്. വേട്ടകളുണ്ട്. അത് ചിലപ്പോള്‍ ഒരേ മനസ്സോടെ നെറ്റില്‍നിന്ന് മണ്ണിലിറങ്ങും. സാമൂഹിക പ്രസക്തമായ മുദ്രാവാക്യങ്ങളാവും. അതേ സമയം തന്നെ തികച്ചും പ്രതിലോമകരമായ കാര്യങ്ങളിലേക്ക് പിന്‍മടങ്ങും. അതിനാലാണ്, സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം അണിനിരന്ന തെഹ്രീര്‍ ചത്വരത്തിലെ മഹത്തായ ജനകീയമുന്നേറ്റം വിജയിച്ചതിനുശേഷം അത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വിദേശ മാധ്യമപ്രവര്‍ത്തകയെ ആണ്‍കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ പിച്ചിക്കീറുന്നത്. അതിനാലാണ്, ഗോവിന്ദച്ചാമിക്കുവേണ്ടി ആര്‍ത്തുവിളിച്ച അതേ ആള്‍ക്കൂട്ടം പിന്നൊരിക്കല്‍ പൂരപ്പറമ്പില്‍ ഒറ്റപ്പെട്ടുപോവുന്ന സ്ത്രീകള്‍ക്കുനേരെ ആവേശത്തോടെ കൈകള്‍ നീട്ടുന്നത്. വിപ്ലവകരമായ ആശയങ്ങള്‍ മുഴങ്ങുന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ തൊട്ടടുത്ത നിമിഷം തികച്ചും ജനാധിപത്യവിരുദ്ധവും അരാഷ്ട്രീയവുമായി രൂപം മാറുന്നതും അതിനാലാണ്.
Comments
Post a Comment